Articles Cover Story Details

മാധ്യമസ്വാതന്ത്ര്യം റദ്ദുചെയ്യപ്പെട്ട അടിയന്തരാവസ്ഥ, ഇന്നും തുടരുന്ന അവസ്ഥ

Author : പിണറായി വിജയൻ (മുഖ്യമന്ത്രി)

calender 18-08-2025

2021, 2022, 2023 വർഷങ്ങളിലെ സ്വദേശാഭിമാനി -കേസരി പുരസ്കാരങ്ങളാണ് ഇന്ന് സമർപ്പിക്കപ്പെടുന്നത്. ശ്രീ.കെ.ജി പരമേശ്വരൻ നായർ, ശ്രീ.ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ. എൻ. അശോകൻ എന്നിവർക്കാണ് സ്വദേശാഭിമാനി-കേസരി പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. 2022, 2023 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്യപ്പെടുന്നത്. എല്ലാ പുരസ്ക്കാര ജേതാക്കളെയും അഭിനന്ദിക്കട്ടെ.

നിർഭയമായ പത്രപ്രവർത്തനമെന്തെന്ന് ചോദിച്ചാൽ, ഉയർത്തിക്കാട്ടാൻ കഴിയുന്ന വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലേക്ക് ആധുനികതയെ സന്നിവേശിപ്പിച്ച പത്രാധിപരും നിരൂപകനും ഗവേഷകനുമായിരുന്നു ശ്രീ. കേസരി ബാലകൃഷ്ണപിള്ള. അവരുടെ പേരിലുള്ള പുരസ്കാരങ്ങൾ അർഹമായ കൈകളിലേക്കാണ് എത്തിച്ചേരുന്നത് എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

ആവുന്നത്ര നിഷ്പക്ഷമായി ദീർഘകാലം നേരിട്ട് നിയമസഭ റിപ്പോർട്ട് ചെയ്ത പ്രഗത്ഭ പത്രപ്രവർത്തകനാണ് കെ.ജി പരമേശ്വരൻ നായർ. കേരളകൗമുദിയുടെ ഒരു ഘട്ടത്തിന്റെ പ്രതീകമായിരുന്ന കെ.ജി, പത്രപ്രവർത്തനത്തെ കളങ്കം പുരളാത്ത പ്രൊഫഷനായി കണ്ട മാധ്യമ ജെന്റിൽമാനാണ്. നിയമസഭാ റിപ്പോർട്ടിങ്ങിന്റെ കാര്യത്തിൽ പുതുതലമുറയ്ക്ക് പാഠമാക്കാവുന്ന മാതൃകകൾ അദ്ദേഹം മുമ്പോട്ടുവെച്ചു.

എൻ.അശോകൻ പതിറ്റാണ്ടുകളായി മാതൃഭൂമി ഡൽഹി ബ്യൂറോയുടെ പര്യായമായി മാറിയ വ്യക്തിത്വത്തിനുടമയാണ്. പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ട് പിന്നിടാൻ അധികം പേർക്ക് കഴിയാറില്ല. അസാധാരണമായ ആ നേട്ടവും അദ്ദേഹം എൺപതാം വയസ്സിലെത്തിയെന്ന കാര്യവും ഒരുമിച്ചുവന്ന സന്ദർഭമാണിത്. ഈ സന്ദർഭത്തിൽ തന്നെ സർക്കാരിന്റെ ആദരവും എത്തുന്നു എന്നതിൽ ഒരു ചേർച്ചയുണ്ട്.

ഏഴാച്ചേരി രാമചന്ദ്രൻ കവിത്വത്തെയും പത്രപ്രവർത്തനത്തെയും ഇണക്കിക്കൊണ്ടുപോയ വ്യക്തിയാണ്. ജേണലിസത്തിന്റെ രംഗത്തു പൊതുവിലും ലിറ്റററി ജേർണലിസത്തിന്റെ രംഗത്തു പ്രത്യേകിച്ചും കാര്യമായ സംഭാവനകൾ നൽകി. നല്ല പ്രസംഗകൻ കൂടിയാണ് ഏഴാച്ചേരി രാമചന്ദ്രൻ. എന്നും പുരോഗമനപക്ഷത്ത് ഉറച്ചുനിന്ന ഏഴാച്ചേരി, ഇടതുപക്ഷത്തെ വിട്ട് തനിക്ക് ഒരു പത്രപ്രവർത്തനം വേണ്ട എന്നു സ്വജീവിതംകൊണ്ട് തെളിയിച്ചു.

കേരള സർക്കാരിന്റെ ഏറ്റവും ഉന്നതമായ പത്രപ വർത്തന പുരസ്കാരങ്ങൾ ഇവർക്കു മൂന്നുപേർക്കും നൽകാൻ കഴിയുന്നത് സന്തോഷകരമാണ്. അവരെ അഭിനന്ദിക്കട്ടെ.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അമ്പതാണ്ട് തികഞ്ഞിരിക്കുന്ന സന്ദർഭമാണിത്. ഇന്ത്യൻ ഭരണ ഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ റദ്ദുചെയ്തു കൊണ്ട്, പൊതുപ്രവർത്തകരെയും എതിർചേരിയിൽ നിന്നവരെയും മാധ്യമങ്ങളെയും വേട്ടയാടിയ ആ കാലത്തെ, അതൊക്കെ നേരിട്ടനുഭവിച്ചവർക്ക് ആശങ്കയോടുകൂടിയേ ഓർത്തെടുക്കാനാവു.

മാധ്യമ സ്വാതന്ത്ര്യം തന്നെ റദ്ദ് ചെയ്യപ്പെട്ട കാലം. കുൽദീപ് നയ്യാരെപ്പോലെയുള്ള നൂറുകണക്കിന് മാധ്യ മപ്രവർത്തകർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയാൽ സ്ഥാപിക്കപ്പെട്ട നവജീവൻ പ്രസിനു പോലും രക്ഷയുണ്ടായില്ല. ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധിക്കും അദ്ദേഹം എഡിറ്റ് ചെയ്തിരുന്ന വാരികയ്ക്കും നേരേ പ്രതികാര നടപടികളുണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാ പിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഡൽഹിയിൽ നിന്നും അച്ചടിച്ചിറങ്ങുന്ന മാധ്യമങ്ങൾക്ക് പത്രം പ്രിന്റ് ചെയ്യാൻ കഴിയാത്ത വിധം വൈദ്യുതി നിഷേധിക്കപ്പെട്ടു.

അതേസമയംതന്നെ സർക്കാരിനെ പിന്തുണച്ചെഴുതാനും ചില പത്രങ്ങൾ തയ്യാറായി. അവരുടെ പ്രധാന ലക്ഷ്യമാകട്ടെ സർക്കാരിന്റെ എതിർപക്ഷത്തു നിൽക്കുന്നവരെ മോശമാക്കി ചിത്രീകരിക്കുക എന്നതായിരുന്നു. പ്രത്യേകിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടിയെ, അതിന്റെ നേതാക്കളെ. അതിനു തയ്യാറാകാത്ത പത്രപ്രവർത്തകരെയും എഡിറ്റർമാരെയും പത്രസ്ഥാപനങ്ങളെയും കേന്ദ്ര ഏജൻസികളെക്കൊണ്ട് വേട്ടയാടി.

പ്രതീകാത്മകമായി ഒഴിഞ്ഞ എഡിറ്റോറിയൽ പ്രസി ദ്ധീകരിച്ചതിന് ഇന്ത്യൻ എക്സ്പ്രസിനെതിരെ പ്രതികാര നടപടികളുണ്ടായി. ഇതെല്ലാംതന്നെ അമ്പതുവർഷം മുമ്പത്തെ കാര്യങ്ങളാണ്. ഇപ്പോഴിതെല്ലാം ഓർക്കു മ്പോൾ ആ ഭൂതകാലത്തെ അനുകരിക്കും വിധത്തിൽ തന്നെയാണ് വർത്തമാനവും എന്നു തോന്നും. ആ വിധത്തിലാണ് രാജ്യത്തെ മാധ്യമരംഗത്തിന്റെ അവസ്ഥ. ഇക്കഴിഞ്ഞ മാസമാണല്ലോ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തുവന്നത്. 180 രാജ്യങ്ങളുടെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 151-ാം സ്ഥാനത്താണ് നമ്മുടെ രാജ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങ ളിലൊന്ന്, ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാജ്യം, അതൊക്കെ കൂടിയാണ് നമ്മുടെ ഇന്ത്യ. ആ ഭരണഘടനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രത്യേക ആർട്ടിക്കിൾ തന്നെയുണ്ട്. അങ്ങനെയൊരു രാജ്യമാണ് മാധ്യമ സ്വാത്രന്ത്യത്തിന്റെ കാര്യത്തിലെ പട്ടികയിൽ ഏറ്റവും താഴത്തെ നിരയിലെത്തിയിരിക്കുന്നത്. അതു പരിശോധിക്കുമ്പോഴാണ് ഞാൻ നേരത്തേ സൂചിപ്പിച്ചപോലെ അടിയന്തരാവസ്ഥയുടെ കാലത്തിനു സമാനമായ നടപടികൾ മാധ്യമങ്ങൾക്കുനേരേ ഉണ്ടാകുന്നുവോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടാവുന്നത്. അഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ചു കൊലചെയ്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 31 പത്രപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. ചില സ്ഥാപിത രാഷ്ട്രീയശക്തികൾ അത്തരത്തിലുള്ള പല കൊലപാതകങ്ങൾക്കും നേതൃത്വം നൽകുന്നതും പത്രപ്രവർത്തകരുടെ മരണത്തിൽ ആഹ്ളാദിക്കുന്നതും നമ്മൾ കണ്ടു.

നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിലാണ് പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലചെയ്ത സംഭവമുണ്ടായത്. ആ കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തി പുസ്തകമെഴുതിയ റോളോ റോമിഗ് ഇന്ത്യൻ മാധ്യമരംഗം കടന്നുപോകുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.

എങ്ങനെയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രി, സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെയും മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും കൈകാര്യം ചെയ്യുന്നതെന്നും, അത്തരം മാധ്യമ സ്ഥാപനങ്ങൾക്ക് എന്തൊക്കെ തിക്താനുഭവങ്ങളാണ് അനുഭവിക്കേണ്ടിവരുന്നതെന്നും റോളോ റോമിഗ് വിവരിക്കുന്നുണ്ട്.

സർക്കാരിനെ വിമർശിച്ച് പരിപാടികൾ നടത്തുന്ന ചാനലുകളുടെ ബ്രോഡ്കാസ്റ്റിംഗ് തടസ്സപ്പെടുത്തുക, പിഴ ചുമത്തുക, അത്തരത്തിലുള്ള പ്രോഗ്രാമുകൾ നിർത്താനോ അതു നടത്തുന്നവരെ ഒഴിവാക്കാനോ പറയുക എന്നിവയൊക്കെ ചെയ്യുകയാണ്. അത് അനുസരിക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞ കുറച്ചുകാലത്തെ സംഭവങ്ങൾ നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് ഇതൊന്നും പുതുമയുള്ള കാര്യമല്ല.

ബി ബി സി ഗുജറാത്ത് കലാപത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നു. ഉടനെത്തന്നെ ബി ബി സി ഓഫീസിലേക്ക് കേന്ദ്ര ഏജൻസികൾ ചെല്ലുന്നു. സംഘപരിവാറിനെതിരെ വാർത്ത പ്രസിദ്ധീകരിച്ച ന്യൂസ് ക്ലിക്കിന്റെയും ദൈനിക് ഭാസ്ക്കറിന്റെയും ഓഫീസുകൾ റെയ്ഡ് ചെയ്യുന്നു. സംഘപരിവാർ വിരുദ്ധ നിലപാടു സ്വീകരിക്കുന്ന ദി വയർ പോലെയുള്ള മാധ്യമ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുന്നു. സംഘപരിവാർ അനുകൂല വാർത്ത കൊടുക്കാൻ തയ്യാറായില്ല എന്നതിന്റെ പേരിലും മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു. ഇത് സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കാര്യം.

സംഘപരിവാറിനോടു വിധേയത്വം പുലർത്തുന്ന മാധ്യമ സ്ഥാപനങ്ങളുമുണ്ട്. സംഘപരിവാർ നരേറ്റീവുക ൾക്ക് സ്വീകാര്യതയുണ്ടാക്കാൻ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയാണ്. അത്തരം മാധ്യമങ്ങൾ വാച്ച് ഡോഗ് അല്ല ലാപ് ഡോഗാണ് എന്നു പറയുന്നത് എത്രയോ വലിയ ശരിയാണ്.

ഇനി കേരളത്തിലെ മാധ്യമങ്ങളുടെ കാര്യമെടുത്താൽ, സംഘപരിവാർ നയങ്ങളോട് വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ മുന്നോട്ടുപോവുക എന്നതാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും നയം. ഗാന്ധിജിയെ വെടിവെച്ചുകൊന്നത് ഗോഡ്സേയാണെന്ന് എഴുതാൻ പോലും മടിക്കുന്നവയായി മലയാളത്തിലെ ചില മുൻനിര പത്രങ്ങൾ പോലും മാറിവരുന്നു. അതേ മാധ്യമസ്ഥാപനങ്ങൾ തന്നെ അന്ധമായ ഇടതുപക്ഷ വിരോധം കാണിക്കുന്നതു കാണാം. രണ്ടും പരസ്പരപൂരകമാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലൊ. മാധ്യമങ്ങളുടെ ആ വിരോധം ഇടതുപക്ഷത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. വിമോചനസമര കാലത്തുതന്നെ തുടങ്ങി ഇന്നും തുടരുന്നുവെന്നേ അതേക്കുറിച്ച് ഇടതുപക്ഷം കരുതുന്നുള്ളൂ.

പക്ഷേ, ആ വിരോധം നാടിനോടാകെത്തന്നെയുള്ള വിരോധമായി നിറംമാറുന്ന നില പോലും ഉണ്ടാവുന്നു. കേരളം കേന്ദ്ര സർക്കാരിനോടു ചില പദ്ധതികൾക്ക് അംഗീകാരം ചോദിക്കുന്നു. കേന്ദ്രം ഒന്നും അനുവദിക്കു ന്നില്ല. എന്നു മാത്രമല്ല, ഒരു സഹായവും അനുവദിക്കില്ലെന്നു കട്ടായം പറയുകയും ചെയ്യുന്നു.

കേന്ദ്ര ബജറ്റിൽ കേരളത്തിന് പരിഗണന നൽകുന്നില്ല. എത്ര മാധ്യമങ്ങൾ ഇതിനൊക്കെയെതിരെ പ്രതികരിച്ചു? പരിശോധിക്കപ്പെടേണ്ടതല്ലേ? ചിലർ പ്രതികരിച്ചു എന്നുവരുത്തി അത്രമാത്രം. പദ്ധതികൾ അനുവദിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയായി ചിത്രീകരിച്ച് സംസ്ഥാന താത്പര്യങ്ങളെ ഹനിക്കുന്നതിനു മറയിടുക പോലും ചെയ്യുന്നുണ്ട് ചിലർ. പരിമിതമായ വിഭവങ്ങൾക്കുള്ളിൽ നിന്ന് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സഹായങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു.

ഇലക്ടറൽ ബോണ്ട് വാങ്ങാത്ത സി പി ഐ (എം) അതു വാങ്ങി എന്ന വാർത്ത ഓർക്കുന്നവരുണ്ടാകും. ആ വാർത്ത കളവാണെന്നു തെളിഞ്ഞപ്പോൾ ഒരു തിരുത്തു കൊടുത്തു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന തന്ത്രമാണ് ഇടതുപക്ഷത്തിനെതിരെ പല മാധ്യമസ്ഥാപനങ്ങളും സ്വീകരിക്കുന്നത്. ആദ്യം നുണ പറയുക, അത് എല്ലാവരിലേക്കും എത്തിച്ചശേഷം തിരുത്തു നൽകുക. ആ തിരുത്ത് അധികമാരിലേക്കും എത്താതിരിക്കാൻ ശ്രദ്ധിക്കുക. ഇതല്ലേ ഇപ്പോഴുള്ള രീതി.

വർഗീയത നാടിനാപത്താണെന്ന കാര്യം നമുക്കറിയാം. അതു ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും. പക്ഷേ, ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതു വർഗീയതയും ശുദ്ധമാകും എന്നാണ് ഇപ്പോൾ ചില മാധ്യമങ്ങളുടെ ഭാഷ്യം. അത്തരത്തിലാണോ ആ വിഷയത്തെ കൈകാര്യം ചെയ്യേണ്ടത്.

വർഗീയതയുടെ വിഷവിത്തുകൾ ഉയർന്നുവന്നിടങ്ങളിലെല്ലാം ആദ്യം വേട്ടയാടപ്പെട്ടത് മാധ്യമങ്ങളാണ് എന്ന റിയാത്തവരല്ല മാധ്യമ പ്രവർത്തകർ. സത്യസന്ധരായ നിരവധി മാധ്യമപ്രവർത്തകർ നാസി ജർമ്മനിയിൽ വേട്ടയാടപ്പെട്ടു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരിൽ മൂന്നിൽ രണ്ടും ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരാണ്. ഈ സത്യം പോലും മറച്ചുവച്ചുകൊണ്ട് മാധ്യമങ്ങൾ തന്നെ ഇസ്രയേലിന്റെ ആക്രമണത്തെ ഇസ്രയേൽ-പലസ്തീൻ യുദ്ധമെന്നു വിശേഷിപ്പിക്കുന്നതു നാം കാണുന്നു.

ലോകത്തെവിടെയും വംശീയതയും വർഗീയതയും വേരോടുമ്പോൾ ആദ്യം വേട്ടയാടപ്പെടുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തന്നെയാകും. ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ മാധ്യമപ്രവർത്തകർ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണം. ഇടതുപക്ഷത്തെ എതിർക്കുന്നു എന്നതിന്റെ പേരിൽ വർഗീയതയെ മഹത്വവൽക്കരിച്ചാൽ അത് ഈ നാടിന്റെയും ഇവിടത്തെ ജനാധിപത്യ സംവിധാനങ്ങളുടെയും നാശത്തിനേ കാരണമാകൂ. അതു മനസ്സിലാക്കി മുന്നോട്ടുപോകണം.

സ്വദേശാഭിമാനി-കേസരി പുരസ്കാരങ്ങളും മാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തതായി അറിയിക്കുന്നു.

(സ്വദേശാഭിമാനി-കേസരി പുരസ്കാരവും സംസ്ഥാന മാധ്യമപുരസ്കാരങ്ങളും വിതരണം ചെയ്ത് 2025 ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം)

Share